വകുപ്പ് നടപ്പിലാക്കുന്ന ഗുണനിലവാര നിയന്ത്രണ പ്രവർത്തനങ്ങൾ 

           ക്ഷീരവികസന വകുപ്പിന്റെ കീഴിൽ എല്ലാ ജില്ലകളിലും ഓരോ ഗുണനിലവാര നിയന്ത്രണ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 14 ഗുണനിലവാര നിയന്ത്രിത ഓഫീസുകൾ ഉണ്ട്.  എല്ലാ ജില്ലകളിലും മാർക്കറ്റ് പാൽ സാമ്പിളുകൾ ക്രമരഹിതമായി മാർക്കറ്റിൽ നിന്ന് എടുക്കുകയും ഗുണനിലവാരം വിലയിരുത്തുകയും ചെയ്യുന്നു.  എല്ലാ മാസവും 25 വ്യത്യസ്ത മാർക്കറ്റ് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുകയും റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് പ്രതിമാസ അടിസ്ഥാനത്തിൽ നൽകുകയും ചെയ്യുന്നു.

പാലിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനുള്ള ഫെസ്റ്റിവൽ ഡ്രൈവ് പ്രോഗ്രാം.

   സാധാരണ ഉത്സവസമയത്ത് പ്രത്യേകിച്ച് ഓണം സമയത്ത് സംസ്ഥാനത്തെ പാലിന്റെ ഉപഭോഗം വർദ്ധിക്കുകയും തത്സമയം അയൽ സംസ്ഥാനങ്ങളിൽ  നിന്ന് ധാരാളം പാൽ സംസ്ഥാനത്ത് എത്തുകയും ചെയ്യുന്നു. ഗുണനിലവാരമില്ലാത്തതും മായം ചേർത്തതുമായ പാൽ വിതരണം ചെയ്യുന്നതിലൂടെ കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരമായിട്ടാണ് വ്യാപാരികൾ ഈ അവസരം ഉപയോഗിക്കുന്നത്.  ഇത് പൊതുജനാരോഗ്യത്തിന് വൻഭീഷണിയാണ് ഉയർത്തുന്നത്.  കാരണം പാലിൽ ചേർക്കുന്ന പല രാസവസ്തുക്കളും ആരോഗ്യത്തിന് ഹാനികരമാകുന്നവയാണ് ഇത്തരം നടപടികൾ തടയുന്നതിനായി ഉത്സവസീസണിൽ സംസ്ഥാനത്തുടനീളം പ്രത്യേക ഗുണനിവാര പരിശോധന ഡ്രൈവുകൾ വകുപ്പ് നടത്തുന്നു.  എല്ലാ ബ്രാൻഡ് പാലുകളുടേയും ഗുണനിലവാരം പരിശോധിക്കുന്നതിനായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പാൽ ഗുണനിലവാര വിവര കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു.  പൊതു ജനങ്ങൾ കൊണ്ടുവരുന്ന പാലിന്റെ സാമ്പിളുകൾ പരിശോധിക്കുന്നതിനും റിസൾട്ട് നൽകുന്നതിനും അവിടെ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.  നിലവാരമില്ലാത്തതോ ഗുണനിലവാരം ഇല്ലാത്തതോ ആയ പാൽ കണ്ടെത്തിയാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുന്നതിനായി ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരെ വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നു. 

ചെക്ക് പോസ്റ്റുകളിലെ പാൽ  പരിശോധന

ഉത്സവ സീസണുകളിൽ ഗുണനിലവാരം  കുറഞ്ഞതും മായം   കലർന്നതുമായ പാൽ സംസ്ഥാനത്ത് പ്രവേശിക്കുന്നത്  തടയുന്നതിനായി  ലബോറട്ടറി സൗകര്യങ്ങളുളള  പ്രത്യേക  പാൽ  പരിശോധന കേന്ദ്രങ്ങൾ സംസ്ഥാനത്തെ  അഞ്ച്  പ്രധാന  ചെക്ക്  പോസ്റ്റുകളായ  വാളയാർ, മീനാക്ഷിപുരം, കുമിളി, ആര്യങ്കാവ്, പാറശ്ശാല എന്നിവിടങ്ങളിൽ സ്ഥാപിച്ചുവരുന്നു.  അന്യസംസ്ഥാനങ്ങളിൽ  നിന്നുളള  വാഹനങ്ങളിൽ  നിന്ന്  പാൽ സാമ്പിൾ ശേഖരിക്കുകയും  പരിശോധിക്കുകയും  ചെയ്യുന്നു.  അവയിൽ  മായം  ചേർത്തെന്നോ ഗുണനിലവാരം  കുറഞ്ഞതെന്നോ കാണുന്നവർക്ക്  സംസ്ഥാനത്തേയ്ക്ക് പ്രവേശനം  നിഷേധിക്കുകയും  ആവശ്യമായ  നിയമനടപടികൾക്കായി  ഭക്ഷ്യസുരക്ഷാ അധികൃതരെ  അറിയിക്കുകയും  ചെയ്യുന്നു.  കൂടാതെ, മീനാക്ഷിപുരം ആര്യങ്കാവ് ചെക്ക്  പോസ്റ്റുകളിൽ  സ്ഥിരമായ  പാൽ  പരിശോധനാസൗകര്യം ഒരുക്കിയിട്ടുണ്ട്. മറ്റ്  പ്രധാന  ചെക്ക്  പോസ്റ്റുകളിലും  സ്ഥിരമായ  പാൽ  പരിശോധനാസൗകര്യം  ഏർപ്പെടുത്താനും  വകുപ്പ്  തയ്യാറെടുക്കുന്നു.

തീവ്രപാൽ ഗുണനിലവാര വർദ്ധനാബോധവൽക്കരണ പരിപാടി

ക്ഷീരകർഷകർ ഉല്പാദിപ്പിക്കുന്നതും  ക്ഷീരസംഘങ്ങൾ വഴി സംഭരിക്കുകയും  വിപണനം  ചെയ്യുകയും  ചെയ്യുന്ന  പാലിന്റെ  ഗുണനിലവാരവും  നമ്മുടെ സംസ്ഥാനത്ത് ആശങ്കാജനകമാണ്.  ഇതേപ്പറ്റിയുളള വിശാലമായ  വീക്ഷണത്തോടെ കേരളസർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ  ഭാഗമായി  ക്ഷീരവികസന വകുപ്പ്       01-06-2018 മുതൽ 31-08-2018 വരെയുളള  കാലയളവിൽ  ഒരു   മിൽക്ക് ക്വാളിറ്റി  ഇംപ്രൂവ്‍മെന്റ്-കം-അവയർനെസ്സ് ഡ്രൈവ്  നടപ്പാക്കി കാർഷികതലത്തിലുളള  പാലിന്റെ  ഗുണനിലവാരം (സെൻസറി,  ഫിസിയോകെമിക്കൽ,  മൈക്രോബയോളജിക്കൽ) മെച്ചപ്പെടുത്തുന്നതിനുളള തന്ത്രപരമായ  നടപടികളും  ഇടപെടലുകളും  ശേഖരണത്തിലും  കൈകാര്യം  ചെയ്യുന്ന  സ്ഥലങ്ങളിലും  ഗുണനിലവാര നിയന്ത്രണ പ്രവർത്തനങ്ങൾ, സംസ്ക്കരണ  കേന്ദ്രങ്ങളിലെ   ശുചിത്വനടപടികൾ, ഫാം മുതൽ  വില്പനശാലവരെ പാൽ തണുപ്പിപ്പ്  പരിപാലിക്കുന്ന  നടപടി തുടങ്ങിയവയ്ക്ക്  ഈ  ഡ്രൈവിന്റെ  ഭാഗമായി  പ്രാധാന്യം  നൽകി. 

ഈ  ഡ്രൈവിന്റെ  ഫലമായി  വിജയകരമായി  കൈവരിക്കാനായ പ്രധാന  ലക്ഷ്യങ്ങൾ

  1. ശുദ്ധവും നൂതനവും  സുരക്ഷിതവുമായ  പാലിന്റെ പ്രധാന്യത്തെക്കുറിച്ച്  ഉല്പാദനതലത്തിലും   ഉപഭോഗതലത്തിലും   ഒരു  പൊതു അവബോധം സൃഷ്ടിച്ചു.
  2. ക്ഷീരസഹകരണ സംഘങ്ങളിൽ ക്ഷീരകർഷകർ നൽകിയ  പാലിന്റെ  സെൻസറി, ഫിസിക്കോ-കെമിക്കൽ  ഗുണനിലവാരവും അണുഗുണനിലവാരവും  മെച്ചപ്പെടുത്തി.
  3. ക്ഷീരസംഘങ്ങളിൽ സംഭരിച്ച പാലിന്റെ ആകെ  ഖരപദാർത്ഥങ്ങളുടെ  ശതമാനം  മെച്ചപ്പെടുത്താനും  കർഷകന്  മികച്ച വില ഉറപ്പാക്കാനും  കഴിഞ്ഞു.

ഉപഭോക്തൃമുഖാമുഖം  പരിപാടി

പാലിന്റെ  ഗുണനിലവാരത്തെക്കുറിച്ചും, അതിൽ  മായം ചേർക്കാൻ സാധ്യതയുളള  വസ്തുക്കളെക്കുറിച്ചും അവ  ഒഴിവാക്കാൻ  സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഉപഭോക്താക്കളിൽ  ഒരു  അവബോധം  സൃഷ്ടിക്കുന്നതിനായി ഓണം  സീസണിലോ മറ്റ്  ഉത്സവ സീസണുകളിലോ  ഒരു  പ്രത്യേക  ഡ്രൈവായി  വർഷത്തിൽ ഒരിക്കൽ ഓരോ  ജില്ലയിലും  വകുപ്പ്  സംഘടിപ്പിക്കുന്ന ഒരു  പ്രധാന പരിപാടിയാണ്  ഉപഭോക്തൃ മുഖാമുഖം  പരിപാടി.  ഈ പരിപാടിയിൽ  പൊതുജനങ്ങൾ കൊണ്ടുവരുന്ന  പാലിന്റെ  സാമ്പിളുകൾ  സൗജന്യമായി പരിശോധിക്കുകയും  ഫലം  അവർക്ക് ലഭ്യമാക്കുകയും  ചെയ്യുന്നതാണ്.  അതാത് ജില്ലകളിലെ  ക്വാളിറ്റി കൺട്രോൾ  ഓഫീസറാണ്  ഈ  പരിപാടി  സംഘടിപ്പിക്കുന്നത്.

 

ഗുണനിലവാര  ബോധവൽക്കരണപരിപാടികളും  കർഷക  ഭവനസന്ദർശനവും

സംസ്ഥാനത്ത് ക്ഷീരകർഷകർ ഉല്പാദിപ്പിക്കുകയും  വിപണനം  നടത്തുകയും   ചെയ്യുന്ന  പാൽ, പാൽ  ഉല്പന്നങ്ങൾ എന്നിവയുടെ  ഗുണനിലവാരം  വർദ്ധിപ്പിക്കുന്നതിനായി  പാൽ ഉല്പാദകരിൽ  അവബോധം  സൃഷ്ടിക്കുന്നതിനായി  ക്ഷീരസഹകരണ  സംഘങ്ങൾ, സർക്കാർ  ഇതര സ്ഥാപനങ്ങൾ, മറ്റ്  കർഷക ഗ്രൂപ്പുകൾ എന്നിവയുടെ  സഹായത്തോടെ സംഘടിപ്പിക്കുന്ന  വകുപ്പിന്റെ  ഗുണനിലവാര ബോധവൽക്കരണ  പരിപാടികളാണ് കർഷകർക്ക്  മികച്ച വില ലഭിക്കുന്നതിനും  ക്ഷീരസംഘങ്ങളിൽ  സംഭരിക്കുന്ന  പാലിന്റെ  ഗുണനിലവാരം  വർദ്ധിപ്പിക്കുന്നതിനും  ഇത് ക്ഷീരകർഷകരെ സഹായിക്കുന്നു.

            ക്ഷീരസഹകരണ  സംഘങ്ങളെ കേന്ദ്രീകരിച്ചുളള  പരിപാടി എന്ന  നിലയിൽ  സമഗ്ര ഗുണനിലവാര ഡ്രൈവിന്റെ  ഭാഗമായാണ് ഈ  വർഷം  പ്രത്യേക  ഗുണനിലവാര ബോധവൽക്കരണ  പരിപാടികൾ  നടത്തുന്നത്.  പ്രത്യേകിച്ച് പാൽ സംഭരണം  കൂടുതൽ ഉളള ഭാഗങ്ങളിലും  പാൽ സംഭരണ  കേന്ദ്രങ്ങൾ കൂടുതൽ ഉളളതുമായ ക്ഷീരസംഘങ്ങളിൽ, കൃഷിക്കാരെക്കുറിച്ച്  ബോധവൽക്കരണം നടത്തുന്നു.  ഈ  പരിപാടികളിലൂടെ  പാൽ മലിനീകൃതമാകുന്ന  ഘടകങ്ങൾ, അവയുടെ സ്രോതസ്സുകൾ, തന്മൂലമുണ്ടാകുന്ന  അപകടങ്ങൾ, ശുചിത്വരീതികൾ, എഫ്.എസ്.എസ്.എ മാനദണ്ഡങ്ങൾ, പാലിന്റെ  ഗുണനിലവാരം  മെച്ചപ്പെടുത്തുന്നതിനുളള  പരിശീലനങ്ങൾ തുടങ്ങിയവ. കർഷകർക്ക്  എഫ്.എസ്.എസ്.എ-യുടെ   ആവശ്യകതകൾ പരിചയപ്പെടാനും  ഈ  പരിപാടി  അവസരമൊരുക്കുന്നു.  ക്ഷീരകർഷകർ ഫാം തലത്തിൽ ഉല്പാദിപ്പിക്കുന്ന  പാലിന്റെ ഗുണനിലവാരം  ഉറപ്പുവരുത്തുന്നതിനായി വകുപ്പുദ്യോഗസ്ഥരും കൃത്യമായി  കർഷകഭവനസന്ദർശനം നടത്തുന്നു.

സംസ്ഥാന ഡെയറി  ലബോറട്ടറിയും  റീജിയണൽ ലബോറട്ടറികളും

നമ്മുടെ സംസ്ഥാനത്ത്  ഉപയോഗിക്കുന്ന  പാൽ, പാലുല്പന്നങ്ങൾ, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാരം  ഉറപ്പുവരുത്താൻ  ക്ഷീരവികസന  വകുപ്പ് സ്ഥാപിച്ച  അത്യാധുനിക ലബോറട്ടറിയാണ്  സ്റ്റേറ്റ് ഡെയറി  ലബോറട്ടറി.  സംസ്ഥാനത്ത്  പാൽ  പരിശോധനയ്ക്കായി  മാത്രം  ഒരു ലബോറട്ടറി സ്ഥാപിക്കുക  എന്നതായിരുന്നു  സംസ്ഥാന ഡെയറി  ലബോറട്ടറി എന്ന ആശയത്തിന്  അടിസ്ഥാനം. പാൽ, പാലുല്പന്നങ്ങൾ, ജലം, കന്നുകാലിത്തീറ്റ എന്നിവയുടെ  വിവിധ മൈക്രോബയോളജിക്കൽ,  കെമിക്കൽ  വിശകലനം  ചെയ്യുന്നതിനുളള  സൗകര്യങ്ങൾ സ്റ്റേറ്റ്  ഡെയറി ലാബിനുണ്ട്.  ഈ വിശകലനത്തിനായി  എച്ച്.പി.എൽ.സി, യു.വി, സ്ട്രെക്ട്രോഫോട്ടോമീറ്റർ തുടങ്ങിയവ ലാബിൽ സജ്ജീകരിക്കുന്നു.  എല്ലാ ജില്ലയിൽ നിന്നുളള  ഗുണനിലവാര  നിയന്ത്രണ  ഉദ്യോഗസ്ഥർ അയയ്ക്കുന്ന  മാർക്കറ്റ് പാൽ, കാലിത്തീറ്റ സാമ്പിളുകളുടെ രാസ,മൈക്രോബയോളജിക്കൽ വിശകലനം  സ്റ്റേറ്റ് ഡെയറി ലാബ് നടത്തുന്നു.  പുറത്തുനിന്നുളള  കാലിത്തീറ്റ സാമ്പിളുകളും  സ്റ്റേറ്റ് ഡെയറി ലാബിൽ  പരിശോധിക്കുന്നു.  ഈ  ലാബിന്  ISO 9001:2008 സർട്ടിഫിക്കേഷൻ  ലഭിച്ചിട്ടുണ്ട്.  ക്ഷീരമേഖലയിൽ ഇത്തരത്തിലുളള  പരിശോധനാസൗകര്യം  ഉളള  ഒരേ  ഒരു ലാബാണ്  സ്റ്റേറ്റ് ഡെയറി ലബോറട്ടറി.  പാൽ, പാലുല്പന്നങ്ങൾ, വെളളം, കാലിത്തീറ്റ എന്നിവയുടെ  ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി  നൂറിലധികം  പാരാമീറ്ററുകൾ വിശകലനം  ചെയ്യാൻ സ്റ്റേറ്റ്  ഡെയറി  ലാബ് സജ്ജീകരിച്ചിരിക്കുന്നു.  ഇതേ ആവശ്യത്തിനായി   കോട്ടയം, കാസർഗോഡ്, പാലക്കാട് ജില്ലകളിലും  പ്രാദേശിക  ലാബുകൾ സ്ഥാപിക്കുന്നു.  ഇത്തരത്തിലുളള  പ്രാദേശിക  ലബോറട്ടകൾ  പ്രവർത്തനം  ആരംഭിച്ചുകഴിഞ്ഞു.