ചരിത്രം

 

 

കേരളത്തിലെ ഒട്ടു മിക്ക വീടുകളിലും പണ്ട് കന്നുകാലികളെ വളർത്തിയിരുന്നു . ചായപ്പീടികകളുടെ ആവിർഭാവമാണ് സംസ്ഥാനത്ത് പാൽ വിപണനത്തിന് നാന്ദി കുറിച്ചത് .സംഘടിത പാൽ വിപണനത്തിൻറെ സാധ്യതകൾ കണക്കിലെടുത്തു 1952 ലെ പത്താം ആക്ട് പ്രകാരം തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്ത് ക്ഷീര സംഘങ്ങൾ രജിസ്റ്റർ ചെയ്തതായി കാണുന്നു . തിരുവനന്തപുരം ജില്ലയിൽ 01 ഡി നമ്പർ ആയി രജിസ്റ്റർ ചെയ്ത മംഗലാപുരം ക്ഷീര വ്യവസായ സംഘമാണ് ആദ്യമായി രൂപീകൃതമായ ക്ഷീരസംഘം എന്ന് കരുതപ്പെടുന്നു.

1914 ൽ ഭാരത സർക്കാർ ഒരു കാർഷിക ബോർഡ് രൂപീകരിക്കുകയും ആയതിൻറെ ശുപാർശ അനുസരിച്ച്‌ പട്ടാളക്കാർക്ക് ഗുണമേന്മയുള്ള പാൽ നൽകുന്നതിനായി മിലിറ്ററി ഫാം രൂപീകരിക്കുകയുംചെയ്തു , 1920 ൽ ഡയറി വിദഗ്ധനായ ശ്രീ വില്യം സ്മിത്തിൻറെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ പ്രജനനം , ആഹാരക്രമം,പരിചരണം ,ശുദ്ധമായ പാൽ ഉത്പാദനം തുടങ്ങിയ പ്രവർത്തനങ്ങൾ മിലിറ്ററി ഫാമുകളിൽ പ്രാവർത്തികമാക്കി .ഇംഗ്ലണ്ടിലെ ഡയറി റിസർച്ച് വിഭാഗത്തിൻറെ ഡയറക്ടർ ആയിരുന്ന Dr.എൻ. സി റൈറ്റ് നൽകിയ ശുപാർശകൾ ഇന്നും പ്രസക്തമാണ് . സുസംഘടിതമായ ക്ഷീര വ്യവസായ ശൃംഖല സ്ഥാപിക്കുക, കർഷകർക്ക് വിപണിയും ന്യായമായവിലയും ഉറപ്പാക്കുക, ക്ഷീരവികസന രംഗം ശക്തിപ്പെടുത്തുക എന്നിവയാണ് ആ ശുപാർശകൾ

1940 കളിൽ ബോംബെ രൂപീകൃതമായ ക്ഷീരവികസന വകുപ്പിൻറെ മാതൃകയിൽ 1962 ൽ ശ്രീ സി പി പൗലോസ് ഭക്ഷ്യ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ ശ്രീ എൻ ബാലകൃഷ്ണ പിള്ള ഡയറക്ടറായി കേരളത്തിൽ ക്ഷീര വികസന വകുപ്പ് രൂപീകരിക്കപ്പെട്ടു .ആദ്യം തിരുവനന്തപുരത്ത് ഡയറക്ടറേറ്റും അതിനോട് ചേർന്ന് ജില്ലാ ഓഫീസുമായി ചുരുക്കം ജീവനക്കാരുമായി തുടങ്ങിയ ക്ഷീരവികസന വകുപ്പ് പിന്നീട് എറണാകുളത്തും കോഴിക്കോട്ടും ജില്ലാ ഓഫീസുകൾ ആരംഭിച്ചു. ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവായ Dr . വർഗീസ് കുര്യൻറെ നേതൃത്വത്തിൽ NDDB ,1970 മുതൽ നടപ്പിലാക്കിയ ഓപ്പറേഷൻ ഫ്ളഡ് പദ്ധതിയിലൂടെ ദേശീയ തലത്തിൽ ക്ഷീര മേഖലയിൽ അഭൂതപൂർവ്വമായ ഒരു കുതിച്ചു ചാട്ടം ഉണ്ടായി .

 

1972 ൽ ക്ഷീരവികസന വകുപ്പിൽ ആയിരം പഞ്ചായത്തുകളിൽ ക്യാറ്റിൽ ഇമ്പ്രൂവ്മെൻറ് അസിസ്റ്റൻറ്മാരെയും 144 ക്ഷീരവികസന ബ്ലോക്കുകളിലായി 250 ഡയറി ഫാം ഇൻസ്റ്ക്ടർമാരെയും നിയമിച്ചു .അട്ടപ്പാടി വികസന പദ്ധതി ,വയനാട് ജില്ലയിലെ ഇന്റഗ്രേറ്റഡ് സിൽവി പാസ്ചർ ഡെവലപ്പ്മെൻറ് കം ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ സ്കീം എന്ന പദ്ധതികൾ ക്ഷീരവികസന വകുപ്പ് നടപ്പിലാക്കിയത് ശ്രദ്ധേയമായി .1980 ൽ തിരുവനന്തപുരം മേഖല യൂണിയനും, എറണാകുളം മേഖല യൂണിയനും ക്ഷീരവികസന വകുപ്പിൻ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടു .ഈ കാലഘട്ടത്തിൽ നൂറു കണക്കിന് ക്ഷീര സംഘങ്ങളുടെ രൂപീകരണം നടന്നു .1983 ൽ കോഴിക്കോട് കേന്ദ്രമാക്കി ഒരു പരിശീലന കേന്ദ്രം ആരംഭിച്ചു. തുടർന്ന് തിരുവനന്തപുരം ,കോട്ടയം ,ആലത്തൂർ ,ഓച്ചിറ എന്നിവിടങ്ങളിലും പരിശീലന  കേന്ദ്രങ്ങള്‍ ആരംഭിച്ചു . 1996 ൽ സംസ്ഥാന ഫെഡറേഷൻ ,മേഖല യൂണിയനുകൾ, പ്രാഥമിക ക്ഷീര സംഘങ്ങൾ എന്നിവ ഉൾപ്പെട്ട ക്ഷീര സഹകരണ ശൃംഖലയുടെ സ്റ്റാറ്റ്യൂട്ടറി നിയന്ത്രണം ക്ഷീര വികസന വകുപ്പിന് ലഭിച്ചു . 5 / 1 / 2006 ൽ ഇന്ത്യയിൽ പ്രഥമമായി നിലവിൽ വന്ന കേരളക്ഷീര കർഷക ക്ഷേമനിധി ബോർഡ് ക്ഷീര വികസന വകുപ്പിൻറെ മറ്റൊരു നാഴികക്കല്ലാണ്‌ .

ക്ഷീര വികസന വകുപ്പിൻറെ പ്രധാന ചുമതലകളിൽ ഒന്നായിരുന്ന വിജ്ഞാന വ്യാപന പരിപാടികൾ ആരംഭ കാലം മുതൽ നാളിതുവരെ അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തു വരുന്നു .ശുദ്ധമായ പാൽ ഉത്പാദനം ക്ഷീരവികസന വകുപ്പിൻറെ പ്രഖ്യാപിത ലക്ഷ്യമായി ആദ്യകാലം മുതലേ സ്വീകരിച്ചിരുന്നു . സംസ്ഥാന , റീജിയണൽ ലാബുകൾ ഇതിലേക്കായി പ്രവർത്തിച്ചു വരുന്നു . മിൽക്ക് ഷെഡ് വികസന പദ്ധതി ,ക്ഷീര സംഘങ്ങൾക്കുള്ള ധന സഹായം ,വാണിജ്യടിസ്ഥാനത്തിൽ തീറ്റപ്പുൽക്കൃഷി പദ്ധതി,കാലിത്തീറ്റ സബ്സിഡി ,പാൽ ഇൻസെന്റീവ് തുടങ്ങിയ പദ്ധതികൾ വകുപ്പ് നടപ്പിലാക്കിവരുന്നു .ക്ഷീരവികസന വകുപ്പിന്റെ മറ്റൊരു അഭിമാനകരമായ നേട്ടം 2010 ൽ സ്ഥാപിതമായ സ്റ്റേറ്റ് ഡയറി ലാബാണ് .ISO9001.2005 സർട്ടിഫൈഡ് NABL അക്രെഡിറ്റേഷൻ ഉള്ള ലാബിൽ നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് പാൽ, പാൽ ഉൽപന്നങ്ങൾ ,കാലിത്തീറ്റ ,വെള്ളം എന്നിവയുടെ പരിശോധന നടത്തിവരുന്നു . 2018 ൽ ഇന്ത്യ ടുഡേയുടെ മികച്ച പാലുല്‌പാദന സംസ്ഥാനത്തിനുള്ള അഗ്രോ സമ്മിറ്റ്  അവാർഡിന് കേരളം അർഹമാവുകയും പ്രസ്തുത അവാർഡ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച്‌ ബഹു .ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ .കെ രാജു അവർകൾ ഏറ്റുവാങ്ങുകയും ചെയ്തു .