അവലോകനം
പാൽ ഉൽപാദനവും ഉപഭോഗവും വർദ്ധിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തോടെ 1962 ലാണ് കേരളത്തിലെ ക്ഷീര വികസന വകുപ്പ് നിലവിൽ വന്നത്. കൃഷിക്കാർക്ക് ഒരു തൊഴിൽ അവസരം എന്നതിലുപരി, ആവശ്യാനുസരണം ഉപഭോക്താക്കൾക്ക് സുരക്ഷിതമായ പാൽ ഉറപ്പാക്കാനും വകുപ്പ് ലക്ഷ്യമിടുന്നു .സംസ്ഥാനത്തെ തീറ്റപ്പുൽക്കൃഷി പ്രവർത്തനങ്ങൾക്കായുള്ള നോഡൽ ഏജൻസിയാണ് ക്ഷീര വികസന വകുപ്പ്.
പാൽ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന പ്രവർത്തനങ്ങൾ, ഗ്രാമീണ ക്ഷീരമേഖലയുടെ വിപുലീകരണവും ഉപദേശ സേവനങ്ങളും, ക്ഷീര സംഘങ്ങളുടെ പ്രവർത്തന ഏകീകരണം , സംസ്ഥാനത്തെ ക്ഷീര സംഘങ്ങളുടെ ശാക്തീകരണം, തീറ്റപ്പുൽക്കൃഷി വികസന പരിപാടികൾ, മിൽക്ക് ഷെഡ് വികസന പദ്ധതി, കന്നുകാലി തീറ്റ സബ്സിഡി പദ്ധതി, കടബാധ്യതയ്ക്കുള്ള സഹായം, പൊതുമേഖലാ സ്ഥാപനങ്ങൾ ആയ കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ, പ്രാദേശിക യൂണിയനുകൾ തുടങ്ങിയവയ്ക്കുള്ള ധനസഹായം, ബ്രഹ്മഗിരി ഡലപ്മെന്റ് സൊസൈറ്റി, വയനാട്, കേരള ഡയറി ഫാർമേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ധനസഹായം എന്നിവയും ഇതിനുപുറമെ, കേരള സഹകരണ സംഘങ്ങളുടെ ആക്റ്റ്, 1969 പ്രകാരം വകുപ്പ് നിയമപരമായ പ്രവർത്തനങ്ങളും നടത്തുന്നു. കാർഷിക മേഖലയില്‍ സുരക്ഷിതവും മികച്ചതുമായ പാൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഉൽപാദന തലത്തിലും ഉപഭോക്തൃ തലത്തിലും ഗുണനിലവാര നിയന്ത്രണ പ്രവർത്തനങ്ങൾ വകുപ്പ് നടത്തുന്നുണ്ട്. മികച്ച ഗുണനിലവാരമുള്ള പാൽ ഉപഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും , സംസ്ഥാനത്ത് സംഭരിക്കുന്നതും സംസ്കരിച്ചു വിൽക്കുന്നതുമായ പാലിൻറെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടും വകുപ്പ് പ്രവർത്തിക്കുന്നു.
സംസ്ഥാനത്ത് നിലവിൽ 162 ഡയറി എക്സ്റ്റൻഷൻ സർവീസ് യൂണിറ്റുകൾ, 14 ക്വാളിറ്റി കൺട്രോൾ യൂണിറ്റുകൾ, പാൽ, പാലുല്പന്നങ്ങൾ കന്നുകാലികളുടെ തീറ്റ, വെള്ളം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഒരു NABL അംഗീകൃത സ്റ്റേറ്റ് ഡയറി ലാബ്, മൂന്ന് റീജിയണൽ ഡയറി ലാബുകൾ, ആറു ഡയറി ട്രെയിനിംഗ് സെന്ററുകൾ, ഒരു സംസ്ഥാന കാലിത്തീറ്റ ഫാം, 3348 ക്ഷീര സഹകരണ സംഘങ്ങൾ (APCOS, NON-APCOS) എന്നിവ വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്നു. സംസ്ഥാനത്ത് 2.81 ലക്ഷം രജിസ്റ്റർ ചെയ്ത ക്ഷീരകർഷകരുണ്ട്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെ ഗണ്യമായ അളവ് ക്ഷീര സഹകരണ മേഖലയിലൂടെയാണ് കൈകാര്യം ചെയ്യുന്നത് . 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീരസഹകരണ സംഘങ്ങളിലൂടെ 6.79 ലക്ഷം മെട്രിക് ടണ്‍ പാല്‍ സംഭരിച്ചിട്ടുണ്ട്.പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായുള്ള സംസ്ഥാനത്തിന്റെ ലക്‌ഷ്യം ഉടന്‍ തന്നെ നമുക്ക് നേടിയെടുക്കുവാന്‍ സാദ്ധ്യമാകും.